This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ട്രോജന്‍ യുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ട്രോജന്‍ യുദ്ധം

Trojan War

ഗ്രീക്ക് പുരാണങ്ങളിലൂടെയും ഇതിഹാസങ്ങളിലൂടെയും ലോക പ്രസിദ്ധി നേടിയ ഒരു യുദ്ധം. ഗ്രീക്ക് രാജ്യങ്ങളും ട്രോയ്യിലെ (ഇലിയം) ജനങ്ങളും തമ്മിലായിരുന്നു യുദ്ധം. ആധുനിക തുര്‍ക്കിയില്‍പ്പെടുന്ന അനറ്റോളിയ പ്രദേശത്തിന്റെ ഡാര്‍ഡനല്‍സ് കടലിടുക്കിനോടു ചേര്‍ന്നുള്ള ഭാഗത്തായിരുന്നു (വടക്കു പടിഞ്ഞാറന്‍ ഏഷ്യാ മൈനര്‍) ട്രോയ്. ബി.സി.1193 മുതല്‍ 1184 വരെയാണു യുദ്ധം നടന്നതെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു. ഹോമറിന്റെ ഇലിയഡ്, ഒഡിസ്സീ എന്നീ ഇതിഹാസങ്ങളുടെ ഇതിവൃത്തങ്ങള്‍ ഈ യുദ്ധവുമായി ബന്ധപ്പെട്ടതാണ്. വെര്‍ജിലിന്റെ ഈനീഡ് ആണ് ട്രോജന്‍ യുദ്ധം പരാമര്‍ശിക്കുന്ന മറ്റൊരു ലോകപ്രസിദ്ധ കൃതി. കൂടാതെ മറ്റനവധി കാവ്യങ്ങള്‍ക്കും ആലേഖ്യങ്ങള്‍ക്കും നാടകങ്ങള്‍ക്കും കലാസൃഷ്ടികള്‍ക്കും അവലംബമായിട്ടുണ്ട് ട്രോജന്‍ യുദ്ധം.

ട്രോയ് നഗരത്തിലേക്കു കൊണ്ടുപോകുന്ന ട്രോജന്‍ കുതിര-ഒരു ചിത്രീകരണം

ട്രോയ് രാജാവായിരുന്ന പ്രയാമിന്റെ രണ്ടാമത്തെ പുത്രനായ പാരിസ് ഒരിക്കല്‍ സ്പാര്‍ട്ടാ നഗരം സന്ദര്‍ശിച്ചു. ഈ വേളയില്‍ അവിടത്തെ രാജാവായിരുന്ന മെനിലെയസ്സിന്റെ ഭാര്യയും (സിയൂസിന്റെ പുത്രി) അതീവ സുന്ദരിയുമായിരുന്ന ഹെലനെ കാണാനിടയായി. ഹെലന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ പാരിസ് അവളെ ട്രോയിയിലേക്ക് അപഹരിച്ചുകൊണ്ടുപോയി. ഹെലനെ മടക്കി നല്‍കണമെന്ന് മെനിലെയസ് ആവശ്യപ്പെട്ടത് ട്രോജന്‍മാര്‍ നിരസിച്ചു. ഇതോടെ ഹെലനെ തിരിച്ചു കൊണ്ടുവരുവാനായി മെനിലെയസ് തന്റെ സഹോദരനായ അഗമെംമ്നനെ ചുമതലപ്പെടുത്തി. ഒരു ലക്ഷത്തോളം യോദ്ധാക്കളടങ്ങുന്ന സേനയോടുകൂടി ഓളിസ് തുറമുഖത്തു നിന്ന് യുദ്ധത്തിനായി പുറപ്പെട്ടു. ഗ്രീക്കു നായകന്‍മാരായ അക്കിലീസ്, എയ്ജാക്സ്, ഡയോമെഡസ്സ്, നെസ്റ്റര്‍, യുളീസിസ്സ് (ഒഡിസ്യൂസ്) തുടങ്ങിയവരായിരുന്നു സേനയുടെ നേതൃസ്ഥാനത്തുണ്ടായിരുന്നത്. ട്രോയ് ഭാഗത്തെ നേതൃത്വമാകട്ടെ പ്രയാമിന്റെ മൂത്തപുത്രനും വീരയോദ്ധാവുമായ ഹെക്റ്റര്‍ക്കായിരുന്നു. പത്തുവര്‍ഷം നീണ്ടു നിന്ന യുദ്ധത്തില്‍ ആദ്യത്തെ ഒന്‍പതുവര്‍ഷവും ഒരു വിഭാഗത്തിനും ജയിക്കാനായില്ല. പ്രാന്തപ്രദേശങ്ങളില്‍ ആക്രമണം നടത്താന്‍ സാധിച്ചെങ്കിലും ട്രോയ് നഗരത്തില്‍ പ്രവേശിക്കാനുള്ള ഗ്രീക്കുകാരുടെ ശ്രമം സഫലമായില്ല. ഇതിനിടയില്‍ ഗ്രീക്കുകാരുടെ ഐക്യവും നഷ്ടപ്പെട്ടിരുന്നു. തന്നെയുമല്ല ട്രോയ് പക്ഷത്തുളള ഹെക്റ്ററും ഗ്രീക്കുപക്ഷത്തുളള അക്കിലീസും കൊല്ലപ്പെടുകയും ചെയ്തു.

ഈ അവസരത്തില്‍ യുദ്ധത്തില്‍ ജയിക്കാന്‍ വേണ്ടി യുളീസിസ്സിന്റെ നിര്‍ദേശപ്രകാരം ഗ്രീക്കുകാര്‍ ഒരു തന്ത്രം ആവിഷ്ക്കരിച്ചു. ഇതനുസരിച്ച് യുദ്ധത്തില്‍ നിന്ന് പിന്തിരിയുകയാണെന്നു ഭാവിച്ചുകൊണ്ട് ഗ്രീക്കുസേന കടല്‍ വഴി അടുത്തുള്ള ടെനിഡോസ് ദ്വീപിലേക്കു നീങ്ങി. ട്രോയ് നിവാസികള്‍ക്കുള്ള സമ്മാനമെന്ന നിലയില്‍ തടിയില്‍ നിര്‍മിച്ച വളരെ വലിയൊരു കുതിരയെ യുദ്ധഭൂമിയില്‍ അവശേഷിപ്പിച്ചിട്ടാണ് ഗ്രീക്കു സൈനികര്‍ ഈ പിന്തിരിയല്‍ തന്ത്രം പ്രയോഗിച്ചത്. യുദ്ധവീരനും ശില്പിയുമായ എപ്പിയൂസാണ് കുതിരയെ നിര്‍മിച്ചത്. സിനണ്‍ എന്ന സൈനികനെ കുതിരയോടൊപ്പം യുദ്ധഭൂമിയില്‍ നിര്‍ത്തിയിരുന്നു. മരക്കുതിരയുടെ ഉള്ളില്‍ ഗ്രീക്കു സൈനികര്‍ ആയുധങ്ങളുമായി ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. കുതിരയെ ട്രോയിയിലെ അഥീനദേവാലയത്തിലേക്ക് സമര്‍പ്പിച്ചതാണെന്ന് സിനന്‍ അറിയിച്ചു. അതുകേട്ട ട്രോയ് നിവാസികള്‍ മരക്കുതിരയെ ട്രോയ് നഗരത്തിനുള്ളിലേക്ക് വലിച്ചുകൊണ്ടു പോയി. രാത്രിയായപ്പോള്‍ കുതിരയ്ക്കുള്ളില്‍ ഒളിച്ചിരുന്ന പടയാളികള്‍ പുറത്തുചാടി നഗര കവാടം തുറന്നു. ഇതോടെ അടുത്തുള്ള ടെനിഡോസ് ദ്വീപില്‍ തമ്പടിച്ചിരുന്ന ഗ്രീക്ക് പടയാളികള്‍ നഗരത്തില്‍ കടന്ന് കനത്ത ആക്രമണം നടത്തി. അപ്രതീക്ഷിതമായുണ്ടായ ഈ ആക്രമണം ട്രോജന്‍ സേനയ്ക്കു തടയാനായില്ല. അങ്ങനെ ഗ്രീക്കുകാര്‍ ട്രോയ് നഗരം കീഴടക്കി നശിപ്പിച്ചുവെന്നാണ് കഥ. ട്രോജന്‍മാരുടെ കൂട്ടത്തില്‍ ഈനിയാസും അദ്ദേഹത്തിന്റെ വൃദ്ധനായ പിതാവ് അങ്കീസസും മാത്രമേ രക്ഷപ്പെട്ടുള്ളൂ. അങ്കീസസിന്റെ മരണവും ഈനിയാസ് ഇറ്റലിയിലെത്തി റോമന്‍ രാജ്യം സ്ഥാപിച്ചതും ഈനീഡില്‍ വിവരിക്കുന്നുണ്ട്. ഗ്രീക്കുകാര്‍ മിക്കവരും മടക്കയാത്രയില്‍ ദാരുണമായി മരിച്ചു. അഗമെംമ്നന്‍ മാര്‍ഗമധ്യേ കൊല്ലപ്പെട്ടു. യുളീസിസ്സിന് വളരെക്കാലത്തെ സാഹസികയാത്രയ്ക്കു ശേഷമേ തന്റെ ജന്‍മദേശമായ ഇത്താക്കയിലെത്താന്‍ കഴിഞ്ഞുള്ളൂ.

ഈ യുദ്ധകഥ ബി.സി. 12-ാം ശ.-ത്തിന്റെ ആദ്യകാല ചരിത്ര സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കാം രൂപപ്പെടുത്തിയിട്ടുള്ളതെന്ന് ചില ചരിത്രപണ്ഡിതന്‍മാര്‍ക്ക് അഭിപ്രായമുണ്ട്. ഗ്രീസും ഏഷ്യാമൈനറുമായി ഡാര്‍ഡനല്‍സ് കടലിടുക്കിലൂടെയുള്ള കച്ചവടസൗകര്യത്തിനുവേണ്ടി നടന്ന മത്സരമായിരിക്കാം ഇതിനു കാരണമായതെന്ന് ഇക്കൂട്ടര്‍ കരുതുന്നു. ജര്‍മന്‍ പുരാവസ്തു ഗവേഷകനായിരുന്ന ഹെന്റിഷ് ഷ്ളീമാന്‍ 19-ാം ശ. -ത്തില്‍ തുര്‍ക്കിയിലെ ഹിസ്സാര്‍ലിക് കുന്നുകളില്‍ ഉല്‍ഖനനം നടത്തി ട്രോജന്‍ യുദ്ധം നടന്നതെന്ന് കരുതപ്പെടുന്ന ട്രോയ് കണ്ടെത്തിയതായും പുതിയ ചരിത്ര ഗവേഷകര്‍ പ്രഖ്യാപിക്കുന്നു. നോ: ഇലിയഡ്; ഒഡീസി; ട്രോയ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍